വ്യാജ രേഖകൾ ഉപയോഗിച്ച് 17 വർഷം വിമാനം പറത്തി: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

By: 600110 On: Jun 10, 2026, 6:16 AM

 

വ്യാജ രേഖകൾ ചമച്ച് വർഷങ്ങളോളം പൈലറ്റായി ജോലി ചെയ്ത എയർ കാനഡ മുൻ ക്യാപ്റ്റൻ പിടിയിൽ. ജെഫ്രി വോൾ (59) എന്ന പൈലറ്റിനെയാണ് പീൽ റീജിയണൽ പോലീസ് അറസ്റ്റ് ചെയ്തത്. ക്യാപ്റ്റൻ പദവിയിലിരുന്ന് ഇയാൾ 900-ലധികം സർവീസുകൾ നടത്തിയതായാണ് വിവരം. ജൂൺ ഒന്നിനാണ് ജെഫ്രി വോളിനെ പോലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസ് ജൂൺ 29-ന് കോടതി പരിഗണിക്കും.

1998 മുതൽ 2025 വരെ 27 വർഷത്തോളം ഇയാൾ എയർ കാനഡയിൽ ജോലി ചെയ്തു. ഈ കാലയളവിൽ ശമ്പളമായി മാത്രം 2.9 മില്യൺ ഡോളറിലധികം (ഏകദേശം 24 കോടിയിലധികം രൂപ) ഇയാൾ കൈപ്പറ്റിയതായി പോലീസ് അറിയിച്ചു. പൈലറ്റ് അസോസിയേഷനിൽ വലിയ പദവികൾ വഹിച്ചിരുന്ന ഒരാളിൽ നിന്ന് ഇത്തരമൊരു വീഴ്ചയുണ്ടായത് കനേഡിയൻ വ്യോമയാന മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. ലൈസൻസിങ് സംവിധാനങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് കാനഡ ഗതാഗത മന്ത്രി സ്റ്റീവ് മക്കിന്നൻ അറിയിച്ചു.

വലിയ യാത്രാവിമാനങ്ങൾ പറത്താൻ നിർബന്ധമായും വേണ്ട 'എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസ്' ജെഫ്രിക്ക് ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം മാർച്ചിൽ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന പതിവ് പരിശോധനയ്ക്കിടയിലാണ് ട്രാൻസ്പോർട്ട് കാനഡ അധികൃതർ ഇയാളുടെ ലൈസൻസിൽ ക്രമക്കേട് കണ്ടെത്തിയത്. തുടർന്ന് ഇക്കഴിഞ്ഞ ജനുവരിയിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. തന്റെ യോഗ്യതകൾ മറച്ചുവയ്ക്കാൻ ഇയാൾ വ്യാജ പോലീസ് പരാതി വരെ നൽകിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.

ജെഫ്രിയുടെ പക്കൽ കൊമേഴ്സ്യൽ ലൈസൻസ് ഉണ്ടായിരുന്നുവെന്നും എല്ലാ ആറു മാസം കൂടുമ്പോഴുമുള്ള കൃത്യമായ പരിശീലനങ്ങൾ ഇയാൾ പൂർത്തിയാക്കിയിരുന്നതായും എയർ കാനഡ വ്യക്തമാക്കി. അതിനാൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടായിട്ടില്ലെന്നും എയർലൈൻ അധികൃതർ അറിയിച്ചു. തട്ടിപ്പ് ബോധ്യപ്പെട്ട ഉടൻ തന്നെ ഇയാളെ ജോലിയിൽ നിന്ന് നീക്കുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. മറ്റ് പൈലറ്റുമാരുടെ രേഖകളെല്ലാം കൃത്യമാണെന്നും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.